എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

പിതൃദിനം

"ഷിബിലുവിന്‍റെ ഫണ്ട് ഈ മാസം അവസാനം ഏല്‍പ്പി ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. നീ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കാശ് ഞായറാഴ്ച്ച കൊണ്ടുവരണം." സുഹൃത്തായ വൈശാഖിൽ നിന്നും ഇന്നലെ ഇങ്ങനെ ഒരു മെസേജ് കിട്ടിയപ്പോൾ മനസ്സ് അറിയാതെ 3 വർഷം പിന്നിലോട്ട് പോയി..

  ഷിബിലു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞങ്ങളുടെ സഹപാഠിയായിരുന്നു..  എപ്പോഴും ഒരു ചിരിച്ച മുഖവുമായി സംസാരിക്കുന്ന കൊയിലാണ്ടികാരന്‍.. ഒരു തനി നാട്ടിന്‍പുറത്തുകാരന്‍.. നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടി ഡോക്ടര്‍.. നാലാം വർഷ എം ബി ബി എസ് പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ അവധി ആഘോഷിക്കാനായി സുഹൃത്തുക്കളോടൊപ്പം വൈശാഖിന്‍റെ വീട്ടില്‍ പോയതായിരുന്നു ഷിബിലു. അവിടെ അടുത്തുള്ള ഒരു അമ്പലക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.  അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഷിബിലു. അച്ഛന്‍ രോഗിയും തൊഴില്‍രഹിതനുമാണു.

     മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ. തന്‍റെ വീട്ടില്‍ അതിഥിയായി വന്ന ഒരാള്‍ക്ക് സംഭവിച്ച ഒരു ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നതിനാലാകാം വൈശാഖിന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു അസ്വസ്ഥത നിറഞ്ഞു നില്‍ക്കുന്നത്.   ഹൃദയരോഗവിദഗ്ദ്ധനെ കാണിക്കാനായി ഷിബിലുവിന്‍റെ അച്ഛന്‍ ഓരൊ തവണ കോളേജിൽ എത്തുമ്പോഴും എത്ര തിരക്കിനിടയിലാണെങ്കിലും അവൻ സഹായത്തിനായി പോകുന്നത് കാണാമായിരുന്നു. ഒരിക്കലും സ്വന്തം മകനു പകരമാകുകയില്ലെങ്കിലും, അന്നു മുതല്‍ ആ പിതാവിനും കുടുംബത്തിനും വേണ്ടി ഓടി നടക്കുകയാണു വൈശാഖ്. പിന്തുണയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അമ്പതാം ബാച്ചില്‍ ബാക്കിയുള്ള ഞങ്ങള്‍ 198 പേരും.

   ഷിബിലു മരിച്ചിട്ട് ഒരു വർഷത്തിനു ശേഷം  ഷിബിലുവിന്‍റെ സഹോദരിയുടെ വിവാഹം മംഗളകരമായി നടത്താന്‍ ദൈവാനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് സാധിച്ചു. ഇനി വേണ്ടത് ആ പിതാവിനു ഒരു സ്ഥിരവരുമാനമാർഗ്ഗം എത്തിച്ചു കൊടുക്കുകയെന്നതാണു. അതിനുള്ള ഫണ്ട് സ്വരൂപിക്കുന്ന തിരക്കിലാണു ഇപ്പോൾ..

 പിതൃദിനത്തിൽ പിതാവിനെ നെഞ്ചോട് ചേർത്ത് 'I AM PROUD OF MY DAD' എന്ന് പറയുന്ന നേരത്ത് നമുക്കു ചുറ്റുമുള്ള ഈ സമൂഹത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇത് പോലെ സ്വന്തം മകനേയോ മകളേയോ നഷ്ടപ്പെട്ട വേദനയിൽ വെന്തുരുകുന്ന ഒരു അച്ഛനെ നമുക്ക് കാണാം. വാക്കുകൾ കൊണ്ടെങ്കിലും അവർക്ക് ഒരു ചെറിയ ആശ്വാസമാകാൻ നമുക്കും  കഴിഞ്ഞേക്കാം.

അമ്മ


എതൊരു സ്ത്രീയേയും പോലെ  അമ്മയാവുകയെന്നത് അവളുടെയും സ്വപ്നമായിരുന്നു . നീണ്ട 20 വർഷത്തെ കാത്തിരിപ്പ്. വയറുവേദന  അധികമായതിനാലാണു ഗര്‍ഭണിയായ ശ്രീജയെ ഭര്‍ത്താവ് സതീഷും സുഹൃത്തും കൂടി അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചത്. 

   സമ്പത്തിന്‍റെ നിറവില്‍ ജനിച്ചു വളര്‍ന്നവളായിരുന്നു ശ്രീജ. കോളേജില്‍ പഠിക്കുന്ന കാലത്ത്  സഹപാ
ഠിയുമായി പ്രണയത്തിലായി. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്നേഹിച്ച പുരുഷന്‍റെകൂടെ ഇറങ്ങിതിരിക്കുകയുമായിരുന്നു. 2 വര്‍ഷം തമിഴ്നാട്ടില്‍ പലയിടങ്ങളിലായി കറങ്ങിതിരിഞ്ഞു. ഒടുവില്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു . പക്ഷേ ദുരന്തങ്ങള്‍ ഒരോന്നായി അവളെ പിന്തുടര്‍ന്നു കൊണ്ടിരുന്നു . നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വ്യർഥമായിരുന്നുവെന്ന് അവള്‍ സാവധാനം തിരിച്ചറിഞ്ഞു.

         
അമ്മയാകണമെന്ന മോഹവുമായി നീണ്ട 20 വര്‍ഷം. ഇരുപത്തി ഒന്നാം വയസ്സില്‍ ആദ്യമായി ഗര്‍ഭം ധരിക്കുമ്പോള്‍ ശ്രീജയുടെയും ഭര്‍ത്താവ് സതീഷിന്‍റെയും സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുകയായിരുന്നു. പക്ഷേ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടാം മാസത്തില്‍ ഗര്‍ഭം അലസിപോയി . നിരാശരായിരുന്നെങ്കിലും  പ്രതീക്ഷ കൈവിടാതെ അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. ചെറിയ ജോലികളിലൂടെ കിട്ടുന്ന വരുമാനം കൊണ്ട്, സുഖവും ദു:ഖവും പരസ്പരം പങ്കുവെച്ച് അവര്‍ ജീവിച്ചു പോന്നു.

പൂമൊട്ട്


കഴിഞ്ഞ വർഷം ശിശുരോഗവിഭാഗത്തിലെ ICU'വിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയം. എന്നേങ്കിലുമൊരിക്കൽ ഒരു ശിശുരോഗവിദഗ്ദ്ധനാകും എന്ന് സ്വപ്നം കണ്ട് നടക്കുന്ന എനിക്ക് കുഞ്ഞുങ്ങൾ എന്ന് വെച്ചാൽ ജീവനാണെന്നത് പ്രത്യേകം പറയണ്ടല്ലോ . അതുകൊണ്ടുതന്നെ അവരുമായി ഇടപഴകാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും ഞാൻ പാഴാക്കാറില്ല.
 ICU'വിലെ അന്തരീക്ഷം തികച്ചും വ്യതസ്തമാണു. ആരുടേയും കരളലിയിക്കുന്നതാണു അവിടത്തെ കാഴ്ചകൾ. കൂട്ടുകാരുമൊത്തു കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ മാരകമായ രോഗങ്ങളുമായി കഷ്ടപ്പെടുന്ന ബാല്യങ്ങൾ..വിടരും മുൻപേ  കൊഴിഞ്ഞു വീഴാൻ കാത്തുനിൽക്കുന്ന പൂമൊട്ടുകൾ. പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായത്തിൽ ഓർമകൾ നഷ്ടപ്പെട്ടു അമ്മയുടെ താരാട്ടുപ്പാട്ട് പോലും കേൾക്കാൻ കഴിയാതെ  ചലനമറ്റു കിടക്കുന്ന കുഞ്ഞുങ്ങൾ..  അവർ കണ്ണ് തുറക്കുന്നതും കാത്ത് രാവും പകലും കണ്ണിമവെട്ടാതെ കാവലിരിക്കുന്ന അമ്മമാർ.. ഹൃദയമിടിപ്പിൻറെ  വ്യതിയാനവും പ്രാണവായുവിന്റെ വ്യാപനവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഭിഷഗ്വരന്‍മാർ..