എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

പിതൃദിനം

"ഷിബിലുവിന്‍റെ ഫണ്ട് ഈ മാസം അവസാനം ഏല്‍പ്പി ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. നീ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കാശ് ഞായറാഴ്ച്ച കൊണ്ടുവരണം." സുഹൃത്തായ വൈശാഖിൽ നിന്നും ഇന്നലെ ഇങ്ങനെ ഒരു മെസേജ് കിട്ടിയപ്പോൾ മനസ്സ് അറിയാതെ 3 വർഷം പിന്നിലോട്ട് പോയി..

  ഷിബിലു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞങ്ങളുടെ സഹപാഠിയായിരുന്നു..  എപ്പോഴും ഒരു ചിരിച്ച മുഖവുമായി സംസാരിക്കുന്ന കൊയിലാണ്ടികാരന്‍.. ഒരു തനി നാട്ടിന്‍പുറത്തുകാരന്‍.. നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടി ഡോക്ടര്‍.. നാലാം വർഷ എം ബി ബി എസ് പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ അവധി ആഘോഷിക്കാനായി സുഹൃത്തുക്കളോടൊപ്പം വൈശാഖിന്‍റെ വീട്ടില്‍ പോയതായിരുന്നു ഷിബിലു. അവിടെ അടുത്തുള്ള ഒരു അമ്പലക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.  അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഷിബിലു. അച്ഛന്‍ രോഗിയും തൊഴില്‍രഹിതനുമാണു.

     മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ. തന്‍റെ വീട്ടില്‍ അതിഥിയായി വന്ന ഒരാള്‍ക്ക് സംഭവിച്ച ഒരു ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നതിനാലാകാം വൈശാഖിന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു അസ്വസ്ഥത നിറഞ്ഞു നില്‍ക്കുന്നത്.   ഹൃദയരോഗവിദഗ്ദ്ധനെ കാണിക്കാനായി ഷിബിലുവിന്‍റെ അച്ഛന്‍ ഓരൊ തവണ കോളേജിൽ എത്തുമ്പോഴും എത്ര തിരക്കിനിടയിലാണെങ്കിലും അവൻ സഹായത്തിനായി പോകുന്നത് കാണാമായിരുന്നു. ഒരിക്കലും സ്വന്തം മകനു പകരമാകുകയില്ലെങ്കിലും, അന്നു മുതല്‍ ആ പിതാവിനും കുടുംബത്തിനും വേണ്ടി ഓടി നടക്കുകയാണു വൈശാഖ്. പിന്തുണയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അമ്പതാം ബാച്ചില്‍ ബാക്കിയുള്ള ഞങ്ങള്‍ 198 പേരും.

   ഷിബിലു മരിച്ചിട്ട് ഒരു വർഷത്തിനു ശേഷം  ഷിബിലുവിന്‍റെ സഹോദരിയുടെ വിവാഹം മംഗളകരമായി നടത്താന്‍ ദൈവാനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് സാധിച്ചു. ഇനി വേണ്ടത് ആ പിതാവിനു ഒരു സ്ഥിരവരുമാനമാർഗ്ഗം എത്തിച്ചു കൊടുക്കുകയെന്നതാണു. അതിനുള്ള ഫണ്ട് സ്വരൂപിക്കുന്ന തിരക്കിലാണു ഇപ്പോൾ..

 പിതൃദിനത്തിൽ പിതാവിനെ നെഞ്ചോട് ചേർത്ത് 'I AM PROUD OF MY DAD' എന്ന് പറയുന്ന നേരത്ത് നമുക്കു ചുറ്റുമുള്ള ഈ സമൂഹത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇത് പോലെ സ്വന്തം മകനേയോ മകളേയോ നഷ്ടപ്പെട്ട വേദനയിൽ വെന്തുരുകുന്ന ഒരു അച്ഛനെ നമുക്ക് കാണാം. വാക്കുകൾ കൊണ്ടെങ്കിലും അവർക്ക് ഒരു ചെറിയ ആശ്വാസമാകാൻ നമുക്കും  കഴിഞ്ഞേക്കാം.

13 comments:

Nisha said...

നന്മകള്‍ നിറയട്ടെ...

ajith said...

പുത്രനെ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖമാണ് ഈ ലോകത്തിലെ കഠിനമായൊരു ദുഃഖം എന്ന് ആരോ പറഞ്ഞതോര്‍മ്മിക്കുന്നു ഞാന്‍

കൊമ്പന്‍ said...

നിങ്ങളുടെ ശ്രമത്തിനു എല്ലാ പ്രാര്‍ത്ഥനകളും
സഹജീവി സ്നേഹം ഈ പാരിലെങ്ങും നിറയട്ടെ

Rainy Dreamz ( said...

നന്മ നിറഞ്ഞ മനസുകൾ ഒരുപാടുണ്ടാവട്ടെ.. സഹജീവി സ്നേഹം നിറയട്ടെ..!! പ്രാർഥനകൾ

Aneesh chandran said...

ഡോക്ടര്‍മാര്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷര്‍.'എന്നും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക

Deepa said...

നന്മ നിറഞ്ഞ ഈ മനസുകള്‍ എല്ലാവര്‍ക്കും പകര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍.... ..

Mukesh M said...

നല്ല സന്ദേശം, താങ്കളുടെയും സുഹൃത്തുക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വേഗം തന്നെ ലക്‌ഷ്യം കാണട്ടെ എന്നാശംസിക്കുന്നു.

ശിഹാബ് മദാരി said...

എന്റെയും ഹൃദയം നിറഞ്ഞ ആശംസ

aswany umesh said...

അകാലത്തില്‍ നഷ്ടപ്പെട്ട സുഹൃത്ത്‌ വിഷ്ണുവിനെയും ഇന്നും തീരാ ദുഖത്താല്‍ വിലപിക്കുന്ന അവന്‍റെ മാതാ പിതാക്കളെയും ഓര്‍മ വരുന്നു... ആശംസകള്‍ സുഹൃത്തേ...

K@nn(())raan*خلي ولي said...

പോസ്റ്റ്‌ വായിച്ചു.

@അജിയേട്ടാ,
മഹാഭാരതത്തിലെ ഏതോ ഒരു കഥാപാത്രം അല്ലെ അങ്ങനെ പറഞ്ഞത്?

വേണുഗോപാല്‍ said...

മനസ്സുകളില്‍ സഹജീവി സ്നേഹം വഴിയുമ്പോള്‍ സമൂഹം നന്മകളുടെ പൂങ്കാവനമായി മാറുന്നു.

അൻവർ തഴവാ said...

എല്ലാ പ്രാര്‍ത്ഥനകളും

തുമ്പി said...

വാക്കുകളേക്കാളും, പ്രവര്‍ത്തികള്‍ കൊണ്ട് ആശ്വാസമേകുക അതില്‍പരം പുണ്യമെന്നുണ്ട്.സല്‍കര്‍മ്മം അത് തന്നെയാണ് ഏറ്റവും വലിയ ആരാധന. ആ മകന്‍ നഷ്ടപ്പെട്ട വേദനക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഒരു സമാശ്വാസമാകട്ടെ.സമൂഹത്തിന് മാതൃകയും...