എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

പൂമൊട്ട്


കഴിഞ്ഞ വർഷം ശിശുരോഗവിഭാഗത്തിലെ ICU'വിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയം. എന്നേങ്കിലുമൊരിക്കൽ ഒരു ശിശുരോഗവിദഗ്ദ്ധനാകും എന്ന് സ്വപ്നം കണ്ട് നടക്കുന്ന എനിക്ക് കുഞ്ഞുങ്ങൾ എന്ന് വെച്ചാൽ ജീവനാണെന്നത് പ്രത്യേകം പറയണ്ടല്ലോ . അതുകൊണ്ടുതന്നെ അവരുമായി ഇടപഴകാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും ഞാൻ പാഴാക്കാറില്ല.
 ICU'വിലെ അന്തരീക്ഷം തികച്ചും വ്യതസ്തമാണു. ആരുടേയും കരളലിയിക്കുന്നതാണു അവിടത്തെ കാഴ്ചകൾ. കൂട്ടുകാരുമൊത്തു കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ മാരകമായ രോഗങ്ങളുമായി കഷ്ടപ്പെടുന്ന ബാല്യങ്ങൾ..വിടരും മുൻപേ  കൊഴിഞ്ഞു വീഴാൻ കാത്തുനിൽക്കുന്ന പൂമൊട്ടുകൾ. പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായത്തിൽ ഓർമകൾ നഷ്ടപ്പെട്ടു അമ്മയുടെ താരാട്ടുപ്പാട്ട് പോലും കേൾക്കാൻ കഴിയാതെ  ചലനമറ്റു കിടക്കുന്ന കുഞ്ഞുങ്ങൾ..  അവർ കണ്ണ് തുറക്കുന്നതും കാത്ത് രാവും പകലും കണ്ണിമവെട്ടാതെ കാവലിരിക്കുന്ന അമ്മമാർ.. ഹൃദയമിടിപ്പിൻറെ  വ്യതിയാനവും പ്രാണവായുവിന്റെ വ്യാപനവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഭിഷഗ്വരന്‍മാർ..
 

 റൗണ്ട്സിന്റെ സമയത്ത് ഓരോ രോഗിയുടെ അടുത്തു ചെന്ന് രോഗവിവരങ്ങൾ തിരക്കുന്നതിനിടയിലാണു ഒരു കുട്ടി എന്റെ ശ്രദ്ധയിൽപ്പെടുന്നത്.. കുഞ്ഞുമുഖത്ത് അല്പം ഗൗരവുമായി മുത്തശ്ശിയെ കെട്ടിപ്പിടിച്ചിരുക്കുന്ന ഒരു നാലു വയസ്സുകാരി സുന്ദരിക്കുട്ടി. പേരു ഹസ്ന.. Biliary atresia എന്ന മാരകരോഗവുമായി കഷ്ടപ്പെടുന്ന ഒരു ജീവിതം. ഒരിക്കൽ ഓപ്പറേഷൻ കഴിഞ്ഞതാണെങ്കിലും രോഗാവസ്ഥ ഇപ്പോഴും സങ്കീർണ്ണമായി തുടരുന്നു. നീരു വന്ന് വയറു നന്നായി വീർത്തിരിക്കുന്നതിനാൽ ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു ആ കുഞ്ഞ്. ആളു അല്പം വാശിക്കാരികൂടിയാണു. ആരേയും പരിശോധിക്കാൻ സമ്മതിക്കുകയില്ല. അടുത്തു ചെല്ലുമ്പോഴേക്കും കരച്ചിൽ തുടങ്ങുകയും ചെയ്യും.. പിന്നെ മുത്തശ്ശിയുടെ തോളിൽ കിടക്കും..
     
    അങ്ങനെ റൗണ്ട്സെല്ലാം കഴിഞ്ഞ് രക്ത്ത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനായി ഗ്ലൂക്കോമീറ്ററുമായി ഞാൻ ആ കുഞ്ഞിന്റെ അടുത്തെത്തി. പക്ഷേ ഒരു തരത്തിലും രക്തമെടുക്കാൻ ആ വികൃതികുട്ടി  സമ്മതിക്കുന്ന ലക്ഷണമില്ല. കൂട്ടുകൂടാൻ വേണ്ടി വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചെങ്കിലും ആളു ഇപ്പോഴും ഗൗരവത്തിൽ തന്നെ. ഒടുവിൽ മിഠായി വാങ്ങിതരാമെന്നു പറഞ്ഞപ്പോൾ നിഷ്കളങ്കമായ ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു. ഓമനത്തം തുളുമ്പുന്ന കുഞ്ഞു കവിളുകളിലെ നുണക്കുഴികൾ എനിക്ക് അപ്പോൾ തെളിഞ്ഞ് കാണാമായിരുന്നു. അങ്ങനെ ഒരുവിധം ഹസ്നകുട്ടിയോടു കൂട്ടുകൂടുകയും പരിശോധിക്കാനും രക്തമെടുക്കാനുമൊക്കെ സമ്മതിപ്പിക്കുകയും ചെയ്തു.
 അങ്ങനെ ഞാൻ തിരിച്ചു പോകുന്ന സമയത്ത് ഹസ്നകുട്ടി എന്നോട് പറഞ്ഞു " നിക്ക് ഒരു മിഠായി മതി.."
  "നാളെ വരുമ്പോൾ കൊണ്ടുവരാട്ടോ.." നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി ഞാൻ മറുപടി നൽകി.

അങ്ങനെ അടുത്ത ദിവസം രാവിലെ ആ വാവയ്ക്ക് കൊടുക്കാനുള്ള ചോക്ലേറ്റുമൊക്കെ വാങ്ങി ഞാൻ ICU'വിൽ എത്തി. പതിവുപോലെ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ചോക്ലേറ്റ് കൊടുക്കുവാനായി ആ കുട്ടിയുടെ ബെഡ് ലക്ഷ്യമാക്കി നടന്നു. പക്ഷേ, ബെഡ്ഡില്‍ ആരെയും കാണുന്നില്ല. ബാത്ത് റൂമിലോ മറ്റോ പോയതായിരിക്കുമെന്ന് കരുതി കുറച്ച് നേരം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. രോഗം ഭേദമാക്കത്തതിനാൽ ഡിസ്ചാർജ് ചെയ്തിരിക്കാനും സാധ്യതയില്ല.
 ഇനി സ്കാനിംഗിനോ മറ്റോ പുറത്തുപോയിട്ടുണ്ടാകുമെന്ന് കരുതി ഞാൻ ഒരു സീനിയർ ഡോക്ടറോടു  കാര്യം തിരക്കി.
 
"ആ കുട്ടി ഇന്നലെ രാത്രി മരിച്ചു. പെട്ടെന്നുണ്ടായ ശ്വാസത്തടസ്സമായിരുന്നു കാരണം." അവർ പറഞ്ഞു.

ആ മറുപടി തീർത്തും അപ്രതിക്ഷിതമായിരുന്നു. അവിശ്വസിനീയവും..

   രണ്ട് ദിവസത്തെ പരിചയം മാത്രമേ ഉള്ളൂവെങ്കിലും ആ നിഷ്കളങ്കമായ മുഖം ഒരിക്കലും മറക്കാൻ കഴിയുന്നതായിരുന്നില്ല എനിക്ക്. ചോക്ലേറ്റ് എടുക്കുവാനായി കോട്ടിന്റെ പോകറ്റിൽ ഇട്ടിരുന്ന കൈ തിരിച്ചെടുത്തത് എന്റെ കണ്ണുകൾ തുടക്കാൻ വേണ്ടിയായിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഹൗസ് സർജൻസിയിൽ അത്രയധികം വിഷമിച്ച ഒരു നിമിഷം വേറെയുണ്ടായിട്ടില്ല.
 
കൗമാരത്തിന്റെ കുസൃതികളോ യൗവനത്തിന്റെ സൗന്ദര്യമോ വാർദ്ധക്യത്തിന്റെ ഏകാന്തതയോ അനുഭവിച്ചറിയാൻ തയ്യാറാകാതെ അവളും യാത്രയായിരി.. വേദനകളും വിഷമങ്ങളുമൊന്നുമില്ലാത്ത ഒരു ലോകത്തേക്ക്.. വിരിയും മുൻപേ ഞെട്ടറ്റുവീണ ഒരു പൂമൊട്ടിനെ പോലെ.. പറന്നുയരും മുൻപേ ചിറകറ്റുവീണ ഒരു പൂമ്പാറ്റയെപോലെ..

20 comments:

Unknown said...

പിരിയുംബോഴാണ് പലപ്പോഴും ബന്ധങ്ങളുടെ ആഴം അറിയുന്നത്... പ്രത്യേകിച്ച് നമ്മുടെ സാന്നിദ്യം അവര്‍ക്ക് സന്തോഷം ഉണ്ടാക്കും ഏന് മനസ്സില്‍ കരുതുമ്പോള്‍....,..
നല്ല വിവരണം...

Nassar Ambazhekel said...

ഹൃദയസ്പൃക്കായ വിവരണം. ഒന്നോർത്താൽ ഒരു ഡോക്ടറുടെ അനുഭവസമ്പത്ത് എഴുത്തിന് വളരെ സഹായകരമാണ്. തലക്കെട്ട് 'പൂമൊട്ട്' എന്നു തിരുത്തുമല്ലോ. 'മുട്ട്' എന്താണെന്ന് ഡോക്ടറോട് ഞാൻ പറയുന്നില്ല. :)

Dr. Niyaz Mohammed said...

വളരെ നന്ദി നാസര്‍ക്കാ..

ഇലഞ്ഞിപൂക്കള്‍ said...

ഈ രാത്രി വന്ന് ഇത് വായിക്കേണ്ടിയിരുന്നില്ല. ആ കുഞ്ഞിന്‍റെ മുഖം മനസ്സില്‍ പതിപ്പിച്ചു വരികളിലൂടെ. ചില അക്ഷരത്തെറ്റുകള്‍ കണ്ടു, തിരുത്തുമല്ലോ..

Nisha said...

:( നൊമ്പരമുണര്‍ത്തുന്ന കുറിപ്പ്

കൊമ്പന്‍ said...

ഇന്ന് ആദ്യമായി വായിച്ച ബ്ലോഗാ ഇത് സങ്കടപെടുത്തുന്ന ഒരു അനുഭവം

ഷാജു അത്താണിക്കല്‍ said...

എന്റെ ഡോക്ടറേേേേേേേേേേേേേേേേേേേ

Unknown said...

:( ഹസ്ന മോള്‍ എന്റെയും നൊമ്പരമായി ...

Unknown said...

:( ഹസ്ന മോള്‍ എന്റെയും നൊമ്പരമായി ...

Sindhu Nandakumar said...

nice one ...

Vineeth M said...

നന്നായിട്ടുണ്ട്.......
വായിക്കാന്‍ താമസിച്ചു..
സദയം ക്ഷമിക്കാനപേക്ഷ.......

ഫൈസല്‍ ബാബു said...

നന്നായിട്ടോ

യാത്രക്കാരന്‍ said...

വായിക്കെണ്ടിയിരുന്നില്ല എന്ന് തോന്നി പോകുന്നു .... ഒന്നും പറയാനില്ല പിന്നൊരിക്കൽ വരാം .. കൂടുതൽ വായനയ്ക്ക് ...

Absar Mohamed : അബസ്വരങ്ങള്‍ said...

:( വിധിയുടെ കളികള്‍, ദൈവത്തിന്റെ പരീക്ഷണങ്ങള്‍... വേറെ എന്ത് പറയാന്‍

ശിഹാബ് മദാരി said...

ചിലത് അങ്ങനെയാണ് ഒരു ബലൂണ്‍ പോലെ വർണ്ണ ശബളിമയോടെ ഉയരത്തിൽ ഉയരത്തിൽ പൊന്തിപ്പൊകും .. നിനച്ചിരിക്കാതെ വെറും റബ്ബർ പീസുകളുമാവും ... ഡോക്ടറെ ഇനിയെന്തെല്ലാം കാണാനിരിക്കുന്നു ...സർവ്വ ശക്തൻ തുനാക്കട്ടെ

SHAMSUDEEN THOPPIL said...

പിരിയുംബോഴാണ് പലപ്പോഴും ബന്ധങ്ങളുടെ ആഴം അറിയുന്നത്.
നല്ല വിവരണം...
www.hrdyam.blogspot.com

Manoj Vellanad said...

ഹൃദയസ്പര്‍ശിയായി എഴുതി നിയാസ്.. ഇത്തരം കാഴ്ചകള്‍ കൂടുതല്‍ കാണാന്‍ പോകുന്നതല്ലേ ഉള്ളു.. എഴുത്ത് തുടരൂ...

ajith said...

മരനവും ജീവിതവും!

ഇതെല്ലാം ആരുടെ കയ്യില്‍ ഇരിയ്ക്കുന്നു

Sunais T S said...

കണ്ണ് നനയിച്ചു....

Echmukutty said...

ഒരു ഡോക്ടര്‍... ഇനി എന്തെല്ലാം...
എഴുത്ത് നന്നായി...