എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

അമ്മ


എതൊരു സ്ത്രീയേയും പോലെ  അമ്മയാവുകയെന്നത് അവളുടെയും സ്വപ്നമായിരുന്നു . നീണ്ട 20 വർഷത്തെ കാത്തിരിപ്പ്. വയറുവേദന  അധികമായതിനാലാണു ഗര്‍ഭണിയായ ശ്രീജയെ ഭര്‍ത്താവ് സതീഷും സുഹൃത്തും കൂടി അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചത്. 

   സമ്പത്തിന്‍റെ നിറവില്‍ ജനിച്ചു വളര്‍ന്നവളായിരുന്നു ശ്രീജ. കോളേജില്‍ പഠിക്കുന്ന കാലത്ത്  സഹപാ
ഠിയുമായി പ്രണയത്തിലായി. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്നേഹിച്ച പുരുഷന്‍റെകൂടെ ഇറങ്ങിതിരിക്കുകയുമായിരുന്നു. 2 വര്‍ഷം തമിഴ്നാട്ടില്‍ പലയിടങ്ങളിലായി കറങ്ങിതിരിഞ്ഞു. ഒടുവില്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു . പക്ഷേ ദുരന്തങ്ങള്‍ ഒരോന്നായി അവളെ പിന്തുടര്‍ന്നു കൊണ്ടിരുന്നു . നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വ്യർഥമായിരുന്നുവെന്ന് അവള്‍ സാവധാനം തിരിച്ചറിഞ്ഞു.

         
അമ്മയാകണമെന്ന മോഹവുമായി നീണ്ട 20 വര്‍ഷം. ഇരുപത്തി ഒന്നാം വയസ്സില്‍ ആദ്യമായി ഗര്‍ഭം ധരിക്കുമ്പോള്‍ ശ്രീജയുടെയും ഭര്‍ത്താവ് സതീഷിന്‍റെയും സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുകയായിരുന്നു. പക്ഷേ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടാം മാസത്തില്‍ ഗര്‍ഭം അലസിപോയി . നിരാശരായിരുന്നെങ്കിലും  പ്രതീക്ഷ കൈവിടാതെ അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. ചെറിയ ജോലികളിലൂടെ കിട്ടുന്ന വരുമാനം കൊണ്ട്, സുഖവും ദു:ഖവും പരസ്പരം പങ്കുവെച്ച് അവര്‍ ജീവിച്ചു പോന്നു.

  

  ഏഴു മാസങ്ങള്‍ക്കു ശേഷം ശ്രീജ വീണ്ടും ഗര്‍ഭം ധരിച്ചു. പക്ഷേ രണ്ടാം തവണയും ദൈവം കനിഞ്ഞില്ല. ആറാം മാസത്തില്‍ പ്രമേഹരോഗം ഉള്ളതായി രക്തപരിശോധനയില്‍ തെളിയുമ്പോള്‍ അവള്‍ അറിഞ്ഞിരുന്നില്ല തന്നെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തമായിരുന്നെന്നു.. എട്ടാം മാസത്തില്‍ ഗര്‍ഭം അലസി. 
       അങ്ങനെ തുടര്‍ച്ചയായി ആറു തവണയും. നാലുതവണ 3 മാസം തികയുന്നതിനു മുമ്പായിരുന്നെങ്കില്‍ രണ്ടു തവണയാകട്ടെ 28 ആഴ്ചകള്‍ തികഞ്ഞതിനു ശേഷമായിരുന്നു, അഥവ ജീവന്‍റെ തുടിപ്പുകള്‍ അറിഞ്ഞ ശേഷമായിരുന്നു. ഒരു സ്ത്രീക്ക്  ജീവിതത്തിൽ അനുഭവിക്കാവുന്നതിൽ കൂടുതൽ വേദനകൾ അവർ അനുഭവിച്ചു കഴിഞ്ഞിരുന്നു . മരവിച്ച മനസ്സുമായി 20 വര്‍ഷക്കാലം.
  ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ജീവിതത്തെ വേട്ടയാടുമ്പോഴും അവര്‍ പ്രതീക്ഷ കൈവിട്ടില്ല. മുപ്പത്തിയൊമ്പതാം വയസ്സില്‍ എഴാം തവണ ഗര്‍ഭണിയായപ്പോള്‍ മുതല്‍ അവളുടെ മനസ്സ് നിറയെ പ്രാര്‍ത്ഥനകളാണു. ഇപ്പോള്‍ ഒമ്പതാം മാസത്തില്‍ വേദന അധികമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുന്നത്  വരെ .


 സീനിയര്‍ ഡോക്ടറായ ഡോ.ലീന
ജോസഫ് സ്ഥലതെത്തിയിട്ടില്ല. 
ഡോ. ലീന  നാട്ടിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണു. ആത്മാര്‍ത്ഥതയിലും നിശ്ചയദാര്‍ഡ്യത്തിലും മറ്റാരെക്കാളും മുന്പന്തിയില്‍. അപാരമായ മനക്കരുത്തിനുടമ. വന്ധ്യത നിവാരണത്തില്‍ സ്പെഷ്യലിസ്റ്റ്. അനേകം ദമ്പതികളുടെ ജീവിതത്തില്‍ ആശ്വാസമേകിയ വ്യക്തിയാണെങ്കിലും സ്വന്തം ജീവിതത്തില്‍ സൗഭാഗ്യം തേടിയെത്തുന്നത് വളരെ വൈകിയായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ ഒരു പെണ്കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ സഫലമായത് ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. പക്ഷേ  ജന്മനാ ഹൃദയത്തിനു തകരാരുമായിട്ടായിരുന്നു ആ കുഞ്ഞ് ജനിച്ചു വീണത് . 

    സാധാരണ കൃത്യനിഷ്ഠതയോടെ ജോലിക്കെത്തുന്ന ആളാണു ഡോ.ലീന. ഇന്ന് എന്തുകൊണ്ടോ അവര്‍ പത്തുമണി കഴിഞ്ഞിട്ടും ജോലിക്ക് എത്തിയിട്ടില്ല. ഡോ.ലീനയുടെ അഭാവത്തില്‍ ഡോ. സുഖന്യ ശ്രീജയെ പരിശോധിച്ചു. ഉദരത്തില്‍ സ്റ്റെതസ്കോപ്പ് വെച്ച് കുഞ്ഞിന്‍റെ ഹൃദയമിടിപ്പിനായി കാതോർത്ത അവർ ഒരു നിമിഷം സ്തംഭിച്ചു നിന്നു. ഹൃദയമിടിപ്പിൽ കാര്യമായ കുറവ്.  ഉള്ള് പരിശോധിച്ച അവർ ഞെട്ടിത്തെറിച്ചുപോയി. കുഞ്ഞിന്‍റെ പൊക്കിള്‍ കൊടി (umbilical cord) താഴെയെത്തി നില്‍ക്കുന്നു. ഡോ.ലീനയുമായി സംസാരിച്ച ശേഷം എത്രെയും പെട്ടന്ന് ഒരു ഓപ്പറേഷന്‍ വേണ്ടിവരുമെന്നു അവർ  സതീഷിനെ അറിയിച്ചു.
   പക്ഷേ ഡോ.ലീന എത്താത്തതുകൊണ്ട് ഓപ്പറേഷന്‍ വൈകുമെന്നറിഞ്ഞതില്‍ ക്ഷുഭിതരായ സതീഷും സുഹൃത്തും ചേർന്നു ആശുപത്രി അധികൃതരുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഡോ.ലീന ആശുപത്രിയിലെത്തിയപ്പോൾ പ്രതിഷേധം അവർക്ക് നേരയായി. പക്ഷേ, കാര്യമായ ഭാവവ്യത്യാസമൊന്നുമില്ലാതെ അവരോട് ക്ഷമ ചോദിച്ചു കൊണ്ട് അവർ ധൃതിയിൽ ഓപ്പറേഷൻ തിയേറ്ററിൽ കയറി.


 സിസേറിയൻ ചെയ്ത ശേഷം കുഞ്ഞിനെ പുറത്തെടുത്തു ദൈവത്തിന്‍റെ മാലാഖയുടെ കൈകളിലേക്ക് . കുഞ്ഞ് കരയാത്തതിനാൽ പെട്ടെന്ന് തന്നെ പുനരുജ്ജീവന നടപടികൾക്കായി ശിശുരോഗവിദഗ്ധന്‍റെ അടുത്തേക്ക്. 15 മിനിറ്റുകള്‍ക്ക് ശേഷം കുഞ്ഞ് കരഞ്ഞെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ശ്രീജയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്  തന്‍റെ 20 വര്‍ഷത്തെ കാത്തിരിപ്പിനു ഫലം കണ്ടതിന്‍റെ സന്തോഷത്തിലായിരുന്നു. നിരീക്ഷണമുറിയിലേക്ക് മാറ്റുന്നതിനു മുൻപ് അവർ ഡോക്ടറുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു " നന്ദി.. നിങ്ങളെന്‍റെ ദൈവമാണു.."   


 
     പുറത്തിറങ്ങിയ ശേഷം ഡോക്ടര്‍ സതീഷിന്‍റെയടുത്തു ചെന്നു സന്തോഷവാര്‍ത്ത അറിയിച്ചു " ആണ്കുട്ടിയാണു.. 2 മണിക്കൂറിനു ശേഷം ശ്രീജയെ വാര്‍ഡിലേക്ക് മാറ്റാം.. "  


നിരമിഴികളോടെ സതീഷ്   മറുപടി നൽകി " നന്ദി.. എന്നോട് ക്ഷമിക്കണം "

പക്ഷേ സതീഷിന്‍റെ മറുപടിക്ക് കാത്തുനിൽക്കാതെ അവര്‍ ധൃതിയിൽ നടന്നുനീങ്ങിയിരുന്നു . വാഹനത്തിൽ കയറി രണ്ടു കിലോമീറ്റർ ദൂരെയുള്ള സെന്‍റ് തോമസ് പള്ളിയിലേക്ക്. ശവസംസ്കാരത്തിനു മുന്പ് തന്‍റെ ഭർത്താവിന്‍റെയും പൊന്നുമകളുടെയും മുഖം ഒരു നോക്ക് കൂടി കാണാന്‍ വേണ്ടി..



(ഒരു യഥർത്ഥസംഭവത്തിൽ  നിന്നും ആശയം ഉൾക്കൊണ്ട് എഴുതിയ  കഥ )


കുറിപ്പ് : പലപ്പോഴും 'നന്ദി' എന്ന പദത്തിന്‍റെ മഹത്വം നമ്മളറിയുന്നത് അതിനു സ്വന്തം ജീവനോളം വിലയുണ്ടെന്നു തിരിച്ചറിയുമ്പോഴാണു. സ്വന്തം ജീവിതം മറന്ന് മറ്റുള്ളവര്‍ നമ്മുടെ  സന്തോഷത്തിനായി പോരാടുമ്പോള്‍, അവരോടുള്ള കടപ്പാട് 'നന്ദി' എന്ന വാക്കിലൊതുക്കാന്‍ കഴിയാതെ വരുമ്പോള്‍, നമ്മള്‍ തിരിച്ചറിയുന്നു,  അവര്‍ ദൈവത്തിന്‍റെ പ്രതീകങ്ങളായിരുന്നുവെന്ന്..   ശാശ്വതമായ സ്നേഹത്തിനുടമയായ മാതാവിനെ നന്ദിയോടെ സ്മരിച്ചുകൊണ്ട്..

16 comments:

ലി ബി said...

നിരമിഴികളോടെ സതീഷ് മറുപടി നൽകി " നന്ദി.. എന്നോട് ക്ഷമിക്കണം "

പക്ഷേ സതീഷിന്‍റെ മറുപടിക്ക് കാത്തുനിൽക്കാതെ അവര്‍ ധൃതിയിൽ നടന്നുനീങ്ങിയിരുന്നു . വാഹനത്തിൽ കയറി രണ്ടു കിലോമീറ്റർ ദൂരെയുള്ള സെന്‍റ് തോമസ് പള്ളിയിലേക്ക്. ശവസംസ്കാരത്തിനു മുന്പ് തന്‍റെ പൊന്നുമകളുടെ മുഖം ഒരു നോക്ക് കൂടി കാണാന്‍ വേണ്ടി..


അവസാനത്തെ വരി....ഒരു നിമിഷം സ്തബ്ദനാക്കിക്കളഞ്ഞു നിയാസ്...

:(

Unknown said...

ഇതേ ആശയത്തിലുള്ള ഒരു കഥ പണ്ടെങ്ങോ വായിച്ചതായി ഓർക്കുന്നു..,
എഴുത്തിനു ആശംസകൾ..

Unknown said...

പലപ്പോഴും 'നന്ദി' എന്ന പദത്തിന്‍റെ മഹത്വം നമ്മളറിയുന്നത് അതിനു സ്വന്തം ജീവനോളം വിലയുണ്ടെന്നു തിരിച്ചറിയുമ്പോഴാണു.

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

Aneesh chandran said...

ഇത് നടന്ന സംഭവമാണെന്ന് കേട്ടപ്പോള്‍ ഒന്ന് നടുങ്ങി..

shamna said...

heart touching story ........
:'(

ഷൈജു നമ്പ്യാര്‍ said...

അവസാനവരിയിലെത്തുമ്പോള്‍ ആ ഡോക്ടര്‍ വല്ലാതെ വേദനിപ്പിച്ചു...

Rainy Dreamz ( said...

കൊള്ളാം, അവസാന വരി കണ്ണുകൾ ഈറനണിയിച്ചു. ആശംസകള്

നളിനകുമാരി said...

ശവസംസ്കാരത്തിനു മുന്പ് തന്‍റെ ഭർത്താവിന്‍റെയും പൊന്നുമകളുടെയും മുഖം ഒരു നോക്ക് കൂടി കാണാന്‍ വേണ്ടി..

കണ്ണ് നിറഞ്ഞു

സിയാഫ് അബ്ദുള്‍ഖാദര്‍ said...

Salutes to dr.leena

ശിഹാബ് മദാരി said...

നന്നായി ഡോക്ടറെ .. ചെറിയ ഒരു തോണ്ടൽ .... :ഉള്ളില )

Absar Mohamed : അബസ്വരങ്ങള്‍ said...

ഹൃദയസ്പര്‍ശമായ അനുഭവം ഹൃദയസ്പര്‍ശിയായി തന്നെ അവതരിപ്പിച്ചു .. ആശംസാസ്

അൻവർ തഴവാ said...

ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു .

നിസാരന്‍ .. said...

നന്നായി
അവസാന വരികള്‍ പ്രത്യേകിച്ചും
ഇനി എഴുതുമ്പോള്‍ കഥയും വിവരണവും തമ്മിലുള്ള വ്യത്യാസം ഉള്‍ക്കൊണ്ടു എഴുതുമല്ലോ. ആശംസകള്‍

kochumol(കുങ്കുമം) said...

മനസ്സില്‍ തട്ടുന്ന വിധം എഴുതി ..

നല്ല മനുഷ്യരെ ദൈവം ഒരുപാട് പരീക്ഷിക്കും ..:(

വേണുഗോപാല്‍ said...

മനസ്സില്‍ തട്ടും വിധം എഴുതി.

അനുഭവങ്ങള്‍ ഇത്ര വൈകാരികമായി പങ്കിടുവാനുള്ള കഴിവിന് അഭിനന്ദനങ്ങള്‍