എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

ലക്ഷ്മി, 35 വയസ്സ്

(പേര്  സാങ്കല്പ്പികം മാത്രം )

  ഗൈനക്കോളജി അത്യാഹിത വിഭാഗം.. പതിവിനു വിപരീതമായി അന്നു നല്ല തിരക്കാണു.. അതിനിടയിലാണു ഒരു തമിഴ് സ്ത്രീ ഭർത്താവുമായി കടന്നു വരുന്നത്.. പേരു ലക്ഷ്മി, 35 വയസ്സ്.. കാഴ്ച്ചയിൽ 40ൽ അധികം പ്രായം തോന്നിക്കുന്ന കറുത്തു മെലിഞ്ഞ ഒരു  സ്ത്രീ.. അവർ അസുഖത്തെ  കുറിച്ച് തമിഴിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. അവർ പറയുന്നത് മനസ്സിലാക്കാൻ പി.ജി വളരെയധികം കഷ്ടപ്പെടുന്നുണ്ടായിരുന്നു..
       ഞാൻ അവരുടെ കയ്യിലിരുന്ന സ്കാനിംഗ് റിപ്പോർട്ട് എടുത്ത് നോക്കി.. ഗർഭാശയത്തിൽ മുഴയാണു (10*9cm), കൂടെ ഗർഭവും (12-14wks).. ഞങ്ങൾ ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ Fibroid complicating pregnancy.. ഇപ്പോൾ

വയറുവേദനയായി വന്നതാണു.. വേദനക്ക് മരുന്നു നൽകി വീട്ടിലേക്ക്
വിടാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ച് പീ.ജി അവരെ ഒരു വശത്തേക്ക് മാറ്റി ഇരുത്തി.. Degeneration ഉള്ളത് കൊണ്ടായിരിക്കും ഇടക്കിടെ വേദന വരുന്നതെന്ന് പീ.ജി എന്നോട് പറഞ്ഞു..

 ഗർഭാശയത്തിൽ മുഴയുണ്ടെന്നു അറിഞ്ഞതുകൊണ്ടോ വേദന സഹിക്കാൻ കഴിയാത്തതു കൊണ്ടോ ലക്ഷ്മി ആകെ അസ്വസ്ഥതയിലാണു.. മുന്നിലിരുന്ന സ്റ്റൂൾ ഒഴിവാക്കി അവർ നിലത്താണു ഇരിക്കുന്നതു... 'പേടിക്കണ്ട.. എല്ലാം ശരിയാകും' എന്നു ആശ്വസിപ്പിച്ച് കൊണ്ട് കൂടെ ഭർത്താവും..

    പാലക്കാട്ടുകാരനായതു കൊണ്ട് എന്റെ 'തമിഴ്' തമ്മിൽ ഭേദമാണെന്ന് എന്റെ ത്മിഴ് ഫ്രണ്ട്സെല്ലാം പറയാറുണ്ട്.. പക്ഷേ ഇവർ പറയുന്നത് മനസ്സിലാക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു.. തിരക്കൊന്ന് കുറഞ്ഞ ശേഷം ഞാൻ അവരുടെ ഭർത്താവുമായി സംസാരിച്ച് തുടങ്ങി..

വളരെ നിഷ്കളങ്കനായ ഒരു യുവാവ്..  സ്ഥലം ട്രിച്ചി (Trichy)... ഇവിടെ ഒരു ജോലി അന്വേഷിച്ച് വന്നതാണു.. കുറ്റിക്കാട്ടൂരിൽ ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു.. മാസം 1000 രൂപ വാടക.. കിട്ടിയ പണികളെല്ലാം ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.. ഇതിനുമുൻപു രണ്ട് തവണ വയറുവേദനയായി ലക്ഷ്മി ഇവിടെ വന്ന് ചികിത്സ എടുത്തതാണു.. പിന്നീട് കൊയമ്പത്തൂരിൽ വെച്ച് ചെയ്ത സ്കാനിംഗിലാണു മുഴ കണ്ടത്..

" നാട്ടിൽ ആരൊക്കെയുണ്ട് ?"  ഞാൻ  ചോദിച്ചു..

" അപ്പ, അമ്മ, 5 വയസ്സുള്ള ഒരു മകൻ.."  തമിഴ് ചൊവ്വയുള്ള മലയാളത്തിൽ അയാൾ പറഞ്ഞു

" മകൻ സ്കൂളിൽ പോകുന്നുണ്ടോ ?"  ഞാൻ ആകാംഷയോടെ ചോദിച്ചു..

" ഇല്ല.. ഈ വർഷം ചേർക്കണം"  അയാൾ പറഞ്ഞു..

" ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കണം.."  ലക്ഷ്മി കൂട്ടിച്ചേർത്തു..

ഒരു ചെറുപുഞ്ചിരിയോടെ അയാളും അതു ഏറ്റു പറഞ്ഞു " ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കണം.."

വേദന കടിച്ചമർത്തുന്നതിടയിൽ ലക്ഷ്മി പറഞ്ഞ ഈ വാക്കുകൾ കേട്ട് ഒരു ഞാൻ ഒരു നിമിഷം ആശ്ചര്യപ്പെട്ടു പോയി.. പിന്നെ ഒരു പുഞ്ചിരിയോടെ ഞാനും അവരുടെ ആഗ്രഹത്തെ പിന്തുണച്ചു..

മാതാപിതാക്കൾക്ക് സ്വന്തം മക്കളെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കലും ചെറുതായിരിക്കില്ല.. മക്കളുടെ സന്തോഷത്തിനു വേണ്ടി എന്ത് ത്യാഗം സഹിക്കാനും അവർ തയ്യാറാകും..  നാടും വീടും ഉപേക്ഷിച്ച് ഇവിടെ വന്നു ജോലി ചെയ്തു സ്വന്തം കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ലക്ഷ്മിയേയും ഭർത്താവിനേയും കണ്ടപ്പോൾ മനസ്സിൽ വളരെയധികം ബഹുമാനം തോന്നി..  നാട്ടിലുള്ള മകനെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും അവർ പരസ്പരം താങ്ങും തണലുമായി കഴിയുന്നു.. ഏതൊരു വിഷമത്തിലും മകന്റെ നല്ല ഭാവി അവർ സ്വപ്നം കാണുന്നൂ..

സീനിയർ ഡോക്ടമാരുമായി സംസാരിച്ച്  ലക്ഷ്മിയെ അഡ്മിറ്റ് ചെയ്തു വാർഡിലേക്ക് വിടുമ്പോൾ എന്റെ മനസ്സിൽ ഒരേ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ..
"  സ്നേഹനിധിയായ ഈ അച്ഛ്നും അമ്മയും വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന, ലക്ഷ്മിയുടെ വയറ്റിൽ വളരുന്ന, നാലു മാസം പൂർത്തിയാക്കിയ ആ കുഞ്ഞു ജീവനു ഒന്നും വരുത്തല്ലേ ദൈവമേ.."

4 comments:

ഷൈജു നമ്പ്യാര്‍ said...

നന്നായിട്ടുണ്ട്...
വികാരഭരിതമായ ജീവിതാനുഭവങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ തുടര്‍ന്നും എഴുതുക...
ആശംസകള്‍ ...
ബ്ലോഗെഴുത്തിനൊപ്പം മറ്റു ബ്ലോഗുകളെയും പ്രോത്സാഹിപ്പിക്കുക..
(ദയവായി കമന്റില് വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക..)

ഷാജു അത്താണിക്കല്‍ said...

നല്ല എഴുത്ത്
ഇനിയും വരട്ടെ
ആശംസകൾ

sakkeer murthasa said...

നന്നായിട്ടുണ്ട് ..പച്ച മനുഷ്യരുമായി അടുത്തിടപഴകാൻ ഒരുപാട് അവസരമുള്ള ജോലിയാണ് നിങ്ങളുടേത് . ജീവനുള്ള അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

ചീരാമുളക് said...

പച്ചയായ മനുഷ്യരുടെ മറയില്ലാത്ത അനുഭവങ്ങളുടെ കലവറകളാണ് ആതുരാലയങ്ങൾ,
അനുഭവങ്ങളെ ചൂടാറാതെ പൊതുവായനക്കായി സമർപ്പിച്ച അനവധി ഭിഷഗ്വരന്മാർ വലിയ എഴുത്തുകാരായി പേരെടുത്ത നടാണ് നമ്മുടെത്.
സമൂഹത്തിൽ നന്മ വളർത്താനുതകുന്ന, മനസ്സുകളിൽ അനുകമ്പയുടെ വിത്തിടാൻ തരത്തിലുള്ള നല്ല അനുഭവങ്ങൾ ഇനിയും എഴുതുക.