എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

അണയാത്ത ദീപം (ഭാഗം 1)

ഡോ. അഹമ്മദ് സിറാജ്. . എനിക്ക് കേട്ടുകേള്‍വി മാത്രമുള്ള ഒരു വ്യക്തിത്വം. . എന്‍റെ വഴിയില്‍ എനിക്കുമുമ്പേ  സഞ്ചരിച്ച  ഒരു ദിവ്യവെളിച്ചം. . ഒടുവില്‍ ഒരു നിഴല്‍ പോലെ എങ്ങോ മറഞ്ഞുപോയ  ഒരു ജീവിതം. . അതാണ്‌ ഇന്ന് എന്‍റെ മനസ്സിൽ സിറാജ്ക്കാ. .

   കോഴിക്കോട് മെഡിക്കല്‍ കോളജിലെ അദ്ദേഹത്തിന്‍റെ പഴയ സഹപാഠികൾ ചേര്‍ന്ന് ഒരു അനുസ്മരണ പരിപാടി നടത്താന്‍ തീരുമാനിച്ചപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്നത്. പിന്നീടാണ് ഞാന്‍ അറിയുന്നത്,  അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് ഞാന്‍ പഠിക്കുനതിനു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചു പുറത്തിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന്. സ്കൂള്‍ അലുംനി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.




                 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓരോ അധ്യാപകരുടെയും മനസ്സില്‍ ഇന്നും തങ്ങി നില്‍കുന്ന ഒരു ചിത്രമാണ് സിറാജ്ക്കയുടേത് . നല്ല മാര്‍ക്കോട് കൂടി സ്കൂള്‍ വിദ്യാഭ്യാസം, ഉയര്‍ന്ന റാങ്കില്‍ മെഡിക്കല്‍ പ്രവേശനം, കോളേജില്‍ പഠിക്കുമ്പോള്‍ വിവിധ മേഘലകളില്‍ കഴിവ് തെളിയിച്ചു , ആറാം റാങ്കോടുകൂടി  ജനറല്‍ മെഡിസിൻ എം ഡി പ്രവേശനം, പഠനത്തിനിടെ റിട്രൊപെരിട്ടോണിയൽ  സാര്‍കോമ  (retroperitoneal sarcoma ) എന്ന മാരകമായ  അർബുദത്തെ തുടര്‍ന്ന് ഡോക്ടറുടെ  വേഷമഴിച്ചുവെച്ച്  ഒരു രോഗിയുടെ വേഷമണിഞ്ഞു, അവസാനശ്വാസം വരെ ആത്മവിശ്വാസത്തോട്‌ കൂടി  പോരാടി, ഇരുപത്തിയേഴ് വയസ്സിനകം കടന്നുചെന്ന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു , ഒടുവില്‍   മരണത്തിനു കീഴടങ്ങിയ ഒരു ജീവിതം. മരണം മുന്നില്‍ കണ്ടത് കൊണ്ടാകണം  അദ്ദേഹം തന്‍റെ 27 വര്‍ഷത്തെ  ജീവിതം, ധൃതിയില്‍ താളുകളിലാക്കിയത്. അദ്ദേഹത്തിന്‍റെ ജീവിതം അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളിലൂടെ..


   " 1976 ജൂലൈ 9നു മലപ്പുറം ജില്ലയില്‍ ജനനം. അന്ന് തന്നെ ദൈവം അവന്റെ നിയോഗം തീരുമാനിച്ചിരുന്നുവല്ലോ ? പക്ഷെ ആരറിഞ്ഞു . അതറിഞ്ഞാല്‍ ജീവിതത്തില്‍ അര്‍ത്ഥമില്ല.

         കുഞ്ഞുനാളിലെ സംഭവങ്ങള്‍ ഓര്‍മ്മകള്‍ എന്ന് പറയാന്‍ കഴിയില്ല. ചില മിന്നലുകള്‍ മാത്രം.

   ആപ്പാന്റെ കുട്ടി  ആപ്പാന്റെ  കുടീല്‍ ആരാന്റെ  കുട്ടി  ആരാന്റെ കുടീല്‍ എന്ന് പറഞ്ഞ ആപ്പയും, നിശബ്ദമൂകിയായ വല്യുമ്മയും, സ്നേഹകേദാരമായ മൂത്താപ്പയും, അങ്ങനെ തെളിഞ്ഞതും തെളിയാത്തതുമായ ധാരാളം കുടുംബ ഓര്‍മ്മകള്‍ . ഗോട്ടികളും പമ്പരങ്ങളും ചട്ടിയും കുട്ടിയും തുടങ്ങിയ അയല്‍വക്ക സ്മരണകള്‍ .ചീരനിയും മൂത്താപ്പയുടെ തൊപ്പിയും സഫാരി സ്യൂട്ടുമണിഞ്ഞ പ്രസംഗങ്ങളും നിറഞ്ഞ മദ്രസജീവിതം , നോട്ടുകള്‍ തേടിയെത്തിയ സുന്നത്ത് കർമ്മദിവസങ്ങൾ  , ഗ്രാമഫോണില്‍ മുഴങ്ങിയ കല്യാണങ്ങള്‍, സംസംകുടിച്ച ഹജ്ജാജ്ജിമാർ തുടങ്ങി..

    പഠനം തുടങ്ങുന്നത്  മലപ്പുറത്ത്‌ സെന്‍റ് ജമ്മാസ് നഴ്സറിയിലെ  ജാനെറ്റ് സിസ്റ്ററിൽ  തുടങ്ങി അത്. എട്ടു കൊല്ലത്തെ സെന്‍റ് ജമ്മാസ് ജീവിതം. ഏഴാം ക്ലാസ്സ്‌ വരെ.  പഠനത്തില്‍ ആദ്യ മൂന്നു റാങ്കുകളില്‍ പെടാറുണ്ടായിരുന്നു . ബസ്സുകളുടെ മുക്കില്‍ ഇരുത്തി മലപ്പുറത്ത്‌ നിന്നു കയറ്റി വിടാറുള്ള ഗോവിന്ദന്‍ ഏട്ടന്‍റെ  ' ക്കാരമ്പ്-രാമൂരം-മീന്തണ്ണ ' ഇപ്പോഴും ചെവിയില്‍ അലയടിക്കുന്നു.

  ഏഴാം ക്ലാസിനു ശേഷം എന്നെ ഹോസ്റ്റലില്‍ ആക്കാനുള്ള  ശ്രമം. ചെറുപ്പത്തില്‍ വലിയ ദേശ്യക്കാരനായ ഞാന്‍  ഉമ്മയുമായി ധാരാളം ശുണ്ഠി കാണിച്ചു. എതിര്‍ത്തു.. എന്ത് കാര്യം ?


   അവസാനം മലയാളം സ്കൂളിലെ ഏഴാം ക്ലാസ്സില്‍ നിന്ന് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലെ എട്ടാം തരത്തിലേക്ക് . ഇംഗ്ലീഷ് ക്ലാസ്സില്‍ ടീച്ചര്‍മാര്‍ എഴുതി തന്ന ഉത്തരങ്ങള്‍ പഠിച്ചു ശീലിച്ച എനിക്ക് ഇംഗ്ലീഷ് മീഡിയം എന്നാല്‍  മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ഒരു കടിച്ചാപറിച്ചി ആയിരുന്നു.

   ആദ്യ ദിവസം Go to upstairs എന്ന നിര്‍ദേശം കേട്ടു വാ പൊളിച്ചു  നിന്നതില്‍ നിന്ന് തുടങ്ങി അത്.

    ആദ്യ വര്‍ഷം ഇംഗ്ലീഷ് അറിയാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ധാരാളം അനുഭവിച്ചു. ആദ്യ പരീക്ഷകളില്‍ ഇംഗ്ലീഷില്‍ തോല്‍വി. ജീവിതത്തില്‍ ആദ്യമായി ഒരു പരീക്ഷയില്‍ തോൽക്കുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന സഫി മിസ്സിന് ഭയങ്കര പുച്ഛം . അതൊരു വെല്ലുവിളി ആയി ഏറ്റെടുത്തു കൊല്ലപ്പരീക്ഷയില്‍ എട്ടാം ക്ലാസ്സില്‍ രണ്ടാം റാങ്ക് . ഒമ്പതാം ക്ലാസ്സില്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ അധ്യാപകർക്ക് പ്രിയങ്കരനായി.

               സ്കൂളില്‍ സ്വന്തമായൊരു അസ്ഥിത്വം ഉണ്ടാവുന്നു .പത്താം ക്ലാസ്സ്‌ വരെ അന്‍സാര്‍ വിലപ്പെട്ട അനുഭവങ്ങള്‍ നല്‍കി. അവസാനം അധ്യാപകരോട് ചില നിസാര പ്രശ്നത്തിന്റെ പേരില്‍ മുഴുവന്‍ ബാച്ചിനെയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. sure bad result എന്ന ശാപവും.  പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാവരും പാസ്‌ ആയി. ഞാന്‍ സ്കൂള്‍ ടോപ്പേര്‍ ആയി .

        പത്തിന് ശേഷം എവിടെ ? പഴയ തുരുത്തായ അൻസാറിലോ  ? കോളേജ് ജീവിതമോ ?

   അൻസാറിൽ പോകാന്‍ തീരുമാനിച്ചത് നല്ലതിനായിരിക്കാം. വ്യത്യസ്തമായ രണ്ടു വര്‍ഷങ്ങള്‍ .  പഴയ കേന്ദ്രമെന്ന അല്പം ഹുങ്കോടെ  അൻസാറിൽ ചെന്നപ്പോള്‍ പഴയ റഷീദ് സര്‍ പുതിയ വേഷത്തില്‍ വൈസ് പ്രിന്‍സിപ്പല്‍. ചില സ്വതന്ത്ര ചിന്തകള്‍, മുഷ്ടിച്ചുരുട്ടലുകള്‍ പ്രയാത്തിന്റെതായി വന്നു

          മെസ്സ് പ്രശ്നത്തിന്റെ പേരില്‍ മാനേജ്മെന്റിനെതിരെ  കുട്ടികളെ സംഘടിപ്പിച്ചതിന് എനിക്ക് തുടക്കത്തില്‍ തന്നെ  ശിക്ഷ ലഭിച്ചു, സസ്പെൻഷൻ. പിന്നെ ഒരല്പം നല്ല നടപ്പായിരുന്നു. പ്രതികരിക്കുകയെന്നത്  എന്‍റെ 'ദു ' സ്വഭാവമായി പോയി.വര്‍ഷാവസാനം മെസ്സ് പ്രശ്നത്തില്‍ മറ്റു ചിലരുടെ കൂടെ ഞാന്‍ മുമ്പോട്ടു വന്നതിനു വീണ്ടും കിട്ടി സസ്പെൻഷൻ .


   ഉപ്പ വന്നു  ഒപ്പിടും വരെ എത്തി കര്യങ്ങൾ. അന്നത്തെ സ്കൂൽ ചെയർമാനു എന്നോടു പ്രത്യേക സ്നേഹമായിരുന്നതിനാൽ കലങ്ങി തെളിഞ്ഞു.. വർഷം ഒന്നു കഴിഞ്ഞു.

    നല്ല ബാച്ച് , പക്വത , കാര്യപ്രാപ്തി..

   സസ്പെൻഷ്നുകളുടെ 'പാസ്റ്റ് 'ൽ നിന്നും ഒരു പുതിയ promotion.

   സ്കൂൽ ലീഡർ എന്ന നിലക്കു ബന്ധങ്ങൾ വർദ്ധിച്ചു. അധ്യാപകരോടും കുട്ടികളോടും.

   എന്നാലും ഉള്ളിലെ തരികിടകൾ നിർത്തിയില്ല.

   മെസ്സ്  സ്റ്റോറിൽ നിന്നു രാത്രി ആരുമറിയാതെ ഭക്ഷണം പോകുന്നതിൽ നിന്നു തുടങ്ങി, അൻസാർ ജയിലറയിൽ നിന്നു രാത്രി മതിൽ ചാടലുകൾ വരെ. വർഷാവസാനം വീണ്ടും പ്രശ്നങ്ങൾ. അതും സസ്പെൻഷനിൽ അവസാനിച്ചു.

   പരീക്ഷയോടടുത്ത് എല്ലാരും ഹോസ്റ്റെലിൽ നിന്നു പുറത്ത്.

   പരീക്ഷ.. ഒപ്പം  നോമ്പും..

   വീട്ടിൽ പോക്കു നടക്കില്ല. ശരണം ഒരു സുഹൃത്തിന്റെ വീട്.

   ഗൃഹത്തുല്യമായ അന്തരീക്ഷം. രണ്ടു ആഴ്ച്ചയോളം സന്തോഷദായകമായ ദിവസങ്ങൾ

   പരീക്ഷ കഴിഞ്ഞു. ശുഭം. ഓർമിക്കാൻ ധാരാളം മുഖങ്ങൾ . . .   


എന്ട്രൻസ് കോച്ചിങ്ങിനു ഒന്നാം ഗ്രൂപ്പിലേക്ക് മാറിയപ്പോൾ ഉമ്മയും ഇക്കയും നിർബന്ധിച്ചതിനാൽ രണ്ടാം ഗ്രൂപ്പ് തന്നെ എടത്തു.

   കണക്കു വിട്ടില്ല. സ്വയം  പഠിച്ചു .

   ആദ്യ അവസരത്തിൽ 2 മാസം തൃശൂർ അയന്തോൾ പെല്ലിശേരി ലോഡ്ജിൽ ഒരു കടം തീർക്കൽ പഠനം . എന്ട്രൻസ് പഠനം എന്നത് അല്പം ദുഷ്കരമെന്നതു മാത്രം പഠിച്ചു.

എന്ട്രൻസിൽ Engg-924 , Med-824

   Engg എന്ട്രന്‍സിൽ മെക്കാനിക്കല്‍ എന്തായാലും കിട്ടും

   മെഡിസിനിൽ B pharm

   എനിക്കു Muslim quota ഇല്ലായിരുന്നു
 

ഉള്ളിന്റെ ഉള്ളിൽ ഡിഗ്രീ പഠിക്കാൻ മോഹം. ഒരു വർഷമെങ്കിലും ആർട്സ് കോളജ് കാമ്പസ് കാണണം പ്രത്യേകിച്ച് ഫാറൂക്ക് കോളജ് . ഒരു പിടിവള്ളി ഉണ്ട്.

Engg ചേർന്നെങ്കിലും വീട്ടിലെത്തിയപ്പോൾ സങ്കടം ( ഫാറൂക്ക് കോളജിൽ പഠിക്കണം,  ഒരു വർഷമെങ്കിലും എന്നു മനസ്സിൽ)

   MBBS  വേണം അല്ലെങ്കിൽ Engg ചേർന്നാൽ അതങ്ങ് തുടരും എന്ന്  പുറത്ത് പറഞ്ഞു.

    ഒടുവിൽ തീരുമാനിച്ചു.

   Engg ഉം മറ്റും ഉപേക്ഷിച്ചു . ഫാറൂക്ക് കോളജിൽ ഡിഗ്രീക്കു, BSc. ഫിസിക്സ്‌.. ഫാറൂക്ക് കോളജ് ജീവിതം ആരംഭിച്ചു.

   ഉഴപ്പാൻ പാടില്ല. engg option കളഞ്ഞതാണ്. ചുറ്റുപാടും വിമർശനങ്ങൾ

   ഹോസ്റ്റൽ വേണ്ട. എന്റെ സ്വഭാവം  വെച്ച് ഉഴപ്പും.

   കോളജിനടുത്തു ഒരു ഇസ്ലാമിക്‌ പ്രൈവറ്റ് ഹോസ്റ്റല്‍ ഉണ്ടെന്നറിഞ്ഞു. ബോസ്നിയ ..

   സൗകര്യങ്ങൾ കുറവ്. പക്ഷെ ലക്ഷ്യമല്ലേ  പ്രധാനം. ചേരാൻ തീരുമാനിച്ചു.

   10 പേർ. ഒരു toilet. കുളി കിണർകടവിൽ . ഭക്ഷണം token അടിസ്ഥാനത്തിൽ.

   വളരെ ലളിതം. ദിവസം പത്തോ പന്ത്രണ്ടോ രൂപ . ഊഹിക്കാമല്ലൊ.

   പക്ഷെ, പഠനം നല്ല നിലക്കു തുടങ്ങി. Premier Entrance Institute ലും ചേർന്നു.

   ഫാറൂഖ് കോളേജിലെ പഠനത്തിനു കാര്യമായ പ്രാധാന്യം കൊടുത്തില്ല. ലക്ഷ്യം വേറൊന്നാണല്ലോ. എങ്കിലും പലരേക്കാളും കൂടുതൽ  ക്ലാസിൽ ഹാജരായി.

   കാമ്പസ് ജീവിതം ആസ്വദിച്ചു. മുക്കുമൂലകൾ യഥാവിധി അറിഞ്ഞു. അരിയും പതിരും വേർതിരിച്ചു. ധാരാളം company friends ഉണ്ടായി. ആത്മാർത്ഥ സുഹൃത്തുക്കൾ വിരളം.

   NSS ൽ ആക്റ്റിവ് ആയി. ആദ്യ കാമ്പിൽ best volunteer ആയി.
 

എന്ട്രൻസെല്ലാം കുഴപ്പമില്ലാതെ എഴുതി.  Engg result ആണു ആദ്യം വന്നതു. 

578. ഹാവു.. നിൽക്കക്കള്ളി ആയി.

   പക്ഷെ MBBS. അതും പറഞ്ഞല്ലോ ?


   Med Result വരുന്ന ദിവസം പല പ്രാവശ്യം പത്രമോഫീസുകളിൽ അന്വേഷിച്ചു. വിവരങ്ങളൊന്നും ലഭിച്ചില്ല.

   ഉറക്കമില്ല. ഉണർച്ചയില്ല. 11 മണി മുതൽ 5 മണി വരെ അതാണു അവസ്ഥ.

   ഭയങ്കര tension , പൊറുതി കേടു

   സുബഹ് നമസ്കരിച്ച് ഫാറൂക്ക് കോളേജ് ജംക്ഷനീൽ പത്രകെട്ടുകളും കാത്ത് ഞാൻ ഒറ്റക്ക് നിന്നു.


5.25 നു അതാ ഒരു പത്രക്കാരൻ

  ഒരു പത്രം  തരുമോ ?


' പറ്റില്ല, ഇതു വേർപ്പെടുത്തരുത്.'

 പ്ലീസ്, ജീവിത പ്രശ്നമാ..


അയാളിലെ മനുഷ്യൻ ഉണർന്നു.

68368
റാങ്ക് 143 

ദൈവമേ , സർവസ്തുതിയും നിനക്ക്.

അങ്ങനെ ഞാനും ഒരു MBBS അവകാശിയാകാൻ പോകുന്നു.

     ഫാറൂക്ക്, ബോസ്നിയെ: വിടാ . .

No comments: