എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

അണയാത്ത ദീപം (ഭാഗം 3)


 2001ൽ വീണ്ടും പുതിയ ഒരു ജീവിതത്തിലേക്ക്. കോഴിക്കോടു മെഡിക്കൽ കോളജിലെ MSS വിശ്രമകേന്ദ്രം. ലക്ഷ്യം എന്ട്രൻസ് പഠനം മാത്രം. കൂട്ടിനു കുറച്ച് സുഹൃത്തുക്കളും.
ഒരു വെല്ലുവിളിയുടെ ആരംഭം. പഠനം, ഭക്ഷണം, അല്പം കത്തി.

 സാമൂഹ്യപ്രവർത്തനങ്ങൾക്ക് വിട. വളരെ ആഗ്രഹിച്ച ഗുജറാത്ത് ഭൂകമ്പ ടീമിൽ പോലും പോയില്ല. ദൈവത്തിലർപ്പിച്ച് ഏഴ് മാസം നീണ്ട കഠിനാദ്ധ്വാനം.


MSS ജീവിതം ധന്യമായിരുന്നു. ലക്ഷ്യം സഫലീകൃതമായിരുന്നു.

MD Entrance ൽ ആറാം റാങ്ക് കിട്ടുക എന്നത് വളരെ വലിയ കാര്യമാണ്. എന്റെ മേന്മയൊന്നുമല്ല. ദൈവത്തിനു സ്തുതി. ഏത് കോഴ്സും എടുക്കാം .
വീട്ടുക്കാരുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും സന്തോഷമാർന്ന വിളികൾ.
ഞാൻ എല്ലാവരെയും പരിഗണിച്ചു. ഒരു മിഠായി കൊണ്ടെങ്കിലും.

Result വന്ന ദിവസം Alumni day ആണ്. 38th batch ന്റെ വക ലൈബ്രറിയിലേക്ക് ക്ലോക്ക് നൽകുന്ന ദിവസം. റാവു സാർ ധാരാളം എന്നെ കുറിച്ചു പറഞ്ഞു. എനിക്ക് പുതിയ ഒരു postഉം , Executive member, Alumni Association .

വന്ന വഴി മറക്കരുതല്ലോ... Under graduate lifeൽ എനിക്ക് വഴി തെളിച്ച ധാരാളം പേരുണ്ട്. അധ്യാപകരും അല്ലാത്തവരും.


വന്ന വഴിയിൽ തിരികെ നടക്കുന്നത് കൂടുതൽ സന്തോഷമാണ്. അതാണ് PG ലൈഫ് എനിക്ക് തന്നത്. ഞാനറിയുന്ന കാമ്പസ്, എന്നെ അറിയുന്ന കാമ്പസ്.

  തിരക്കിട്ട പി. ജി ജീവിതത്തിൽ പുതിയ ബന്ധങ്ങളും സുഹൃത്തുക്കളും സൃഷ്ടിക്കുക ക്ലേശകരം. നീറിപ്പുകയുന്ന അക്കാദമിക് ജീവിതത്തിൽ സന്തോഷത്തിന് സമയം മാറ്റി വെക്കുക അസാധ്യം. അതാണ് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് തിരഞ്ഞെടുത്തത്.


ജനറൽ മെഡിസിനോ ? ചോദ്യമുണ്ടായി.  

END Speciality ആണോ ? ഇനിയും പഠിക്കേണ്ടി വരില്ലേ ?  

Ego യുടേയും അമിതമായ കാശിന്റെയും താൽപര്യമില്ലെങ്കിൽ Medicine ആണ് best speciality.

മനുഷ്യനെ പൂർണ്ണമായി അറിയുന്ന രോഗങ്ങളെ സമ്പൂർണ്ണമായി  analyse ചെയ്യുന്ന വിഭാഗം.

speciality select ചെയ്യുമ്പോൾ ആഗ്രഹങ്ങൾ വളരെ കുറവായിരുന്നു.

ഒരു നല്ല ഡോക്ടർ ആകുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കുന്നത് വരെ കഠിനാദ്ധ്വാനം ചെയ്യുക. ശേഷം അത്യാവശ്യം സമ്പാദ്യവും കൂടുതൽ സേവനവും സാമൂഹ്യപ്രവർത്തനവും കഴിയുമെങ്കിൽ അധ്യാപനവും. ഏറ്റവും ഉചിതം medicine തന്നെ.

കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ ഡിപ്പാർട്മെന്റ് നമുക്ക് തറവാട് പോലെയാണ്. വാർഡുകളും സിസ്റ്റർമാരും  അധ്യാപകരും, എന്തിനു രോഗികളിൽ പലര് പോലും മുഖപരിചയക്കാർ. 

No tension.. No problem..

PG ജീവിതം സുഖമായി തുടങ്ങി. അത്യാവശ്യം വായനയും PGയുടെ weightഉം പഴയ വിദ്യാർത്ഥിയെന്ന പരിഗണനയും എല്ലാ പ്രവർത്തികൾക്കിടയിലും ആറാം റാങ്ക് എന്ന സ്ഥാനവും.ദൈവത്തിന് സ്തുതി. ജീവിതത്തിലെ നല്ല കാലം.

2nd ഇയര്‍ postings കൂടുതൽ വിദഗ്ധമായി കാര്യങ്ങൾ പഠിക്കാൻ സഹായിച്ചു.

pure academics അല്ല PG വിദ്യാർത്ഥികളുടെ കടമ എന്ന് ബോധ്യപ്പെട്ടപ്പോഴേക്കും സമയം വൈകിപ്പോയി.രണ്ടാം വർഷം കഴിഞ്ഞപ്പോൾ physicians'ന്റെ  അന്നുഅല്‍ conference ആയ APICON'നു ഹൈദരാബാദിലേക്ക് പോയി. ശബരി എക്സ്പ്രസ്സിൽ  അയ്യപ്പന്‍മാരുടെ ഇടയില്‍പ്പെട്ട  യാത്ര.

സന്തോഷകരമായ ദിവസങ്ങൾ, ഹൈദരാബാദിന്റെ സൗന്ദര്യം വളരെയധികം ആസ്വദിച്ചു.  ചാർമിനാർ, ബിർളാ ടെമ്പിൾ, റമോജി ഫിലിം സിറ്റി, തുടങ്ങിയ കേന്ദ്രങ്ങളും APICON MEET ന്റെ selected session ഉം ഭക്ഷണവും യാത്രയെ ധന്യമാക്കി.

കാമ്പസിൽ കാല്കുത്തിയ അന്ന് മുതൽത്തന്നെ പഴയ എച്ച് എസ് എ പ്രസിഡന്റ് ആയ ഞാൻ PG Association ന്റെ letter padൽ പേരില്ലാത്ത ആക്റ്റീവ് member ആയി. അല്ലെങ്കിൽ ആക്കി.  ഒന്നാം വർഷം തന്നെ വൈസ് പ്രസിഡണ്ട്. സജീവമായി പ്രവർത്തിച്ചതിനാൽ അത് സ്വഭാവികമായും രണ്ടാം വർഷം സെക്രട്ടറിപോസ്റ്റിലെത്തിച്ചു. ദൈവത്തിന് സ്തുതി.

അസോസിയേഷനിലും അല്ലാതെയും രണ്ട് വർഷത്തിലധികം ഞാൻ കാമ്പസിൽ സജീവമായി  ഓടി നടന്നു.

കാമ്പസിന്റെ മുക്കുകളും മൂലകളും എനിക്ക് കൂടുതൽ സുപരിചിതമായി. ഓരോ മുഖങ്ങളെ ഞാൻ കൂടുതൽ അറിഞ്ഞു. അവരെന്നെയും. ചെറുതും വലുതുമായ പ്രശ്നങ്ങൾ എന്റെതായി. ഞാനിടപ്പെട്ടു. എന്നെ പലരും ഇടപെടുത്തി.ആ വിശ്രമമറ്റ ഓട്ടത്തിന് Synapse എന്ന ഇന്റെർമെഡിക്കൽ ഫെസ്റ്റിവൽ തിരശ്ശില വീഴ്ത്തി.

ഫെബ്രുവരി അവസാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സിനാപ്സിന് സാക്ഷ്യം വഹിച്ചു.പക്ഷെ 2004 ഫെബ്രവരി അവസാനിച്ചതും മാർച്ച് ആരംഭിച്ചതും ഡോ. അഹമ്മദ് സിറാജിന് ഒരു Turning point കുറിച്ച് കൊണ്ടാണ്,
    വീണ്ടും തിരിച്ചെത്താൻ കഴിയാത്തരീതിയിൽ Turn ചെയ്ത ഒരു Turning point. . .

             ഇനി കഥ മാറുകയാണ് . . കഥാകൃത്തും . .  "



രോഗ പീഠകൾക്കിടയിൽ 'എന്റെ അവസാന ദിവസങ്ങൾ' എന്ന തലക്കെട്ടോടുകൂടി ഈ
ഡയറികുറിപ്പ് ഇവിടം വരെ എഴുതാനെ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. മരണം തന്നിലേക്ക് അടുത്തു എന്ന് തോന്നിയത് കൊണ്ടാകാം അദ്ദേഹം അത്  ഈ രീതിയിൽ അവസാനിപ്പിച്ചത്.


 മാരകമായ കാൻസർ കാർന്നുതിന്നിമ്പോഴും ദൃഢചിത്തനായി പഠനസേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായി. രോഗത്തിന്റെയും മരുന്നിന്റെയും ഗാഢമായ
പിടിമുറുക്കത്തിലും അവസാനവർഷ പരീക്ഷ എഴുതി വിജയം നേടി, വിജയത്തിന്റെ
ആഹ്ലാദം ഉള്ളിലെ വേദന കലരാതെ ബ്ന്ധുമിത്രാദികളോട് പങ്ക് വെക്കുകയും ചെയ്തു.


ഇരുപത്തിയേഴ് വയസ്സിനകം കടന്നുചെന്ന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു , അവസാനശ്വസം വരെ ആത്മവിശ്വാസത്തോട് കൂടി പോരാടിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അത് അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ പ്രകടമായിരുന്നു
 

"  തന്‍റെ  ചുറ്റുമുള്ള ലോകം വെട്ടിപ്പിടിക്കാനുള്ള തിരക്ക് പിടിച്ച ഓട്ടത്തിടയിൽ രോഗത്തിന്റെ രൂപത്തിലോ മറ്റ് പ്രശ്നങ്ങളുടെ രൂപത്തിലോ നാം കടിഞ്ഞാണിടപ്പെടാം. നിരാശയിലേക്കും നിഷ്ക്രിയത്തിലേക്കും നയിക്കുന്ന ഇത്തരം പ്രതിസന്ധികളിൽ ആത്മധൈര്യത്തോടും ദൈവവിശ്വാസത്തോടും കൂടി മുന്നോട്ട് പോകുമ്പോൾ നാം കൂടുതൽ മെച്ചപ്പെട്ട മനുഷ്യരത്തരായിത്തീരുന്നു."

"  അർബുദമെന്ന ലോകം ഭയക്കുന്ന രോഗാവസ്ഥയിൽ ഞാനും ഒരു മെമ്പറായി. സ്വയം രോഗിയായപ്പോൾ വിശാലമായ രോഗിയുടെ ലോകം എന്റെ മുമ്പിൽ ദൃശ്യമായി.രോഗി അർഹിക്കുന്ന സ്നേഹവും സ്വാന്തനവും എത്രയെയെന്നും അത് നിഷേധിക്ക്പ്പെടുന്ന രോഗി മാനസികമായി എത്രത്തോളം തളരുന്നു എന്നും ഞാൻ മനസ്സിലാക്കി. എനിക്ക്  താങ്ങായി മാറിയ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അധ്യാപകരുടേയും സാന്നിധ്യം ഞാൻ ഒറ്റയ്ക്കല്ലെന്ന സന്ദേശം എനിക്ക് തന്നു. 
    ഇതെഴുതുമ്പോഴും ഞാൻ രണാങ്കണത്തിലാണ്, ലക്ഷ്യമെന്തെന്നറിയില്ലെങ്കിലും പോരാടാനുറച്ച മനസ്സുമായി മുന്നോട്ട് തന്നെ.."




2005 ഫെബ്രവരി 27 നു പുലർച്ചെ അഞ്ചുമണി. ഉറക്കം മറന്ന് ചുറ്റിലും കണ്ണിമക്കാതെ കാത്തിരുക്കുന്ന രക്തബന്ധങ്ങൾ, സുഹൃത്തുക്കൾ, ഓടിക്കളിച്ചു നടന്ന പൂക്കാലത്തിന്റെ ഓർമകൾ.. എല്ലാവരും ഉപേക്ഷിച്ച് പോവാൻ സമയമായെന്ന് അദ്ദേഹത്തിന് ബോധ്യം വന്നപോലെ. ഹൃദയതാളങ്ങൾ, നാഡീമിടിപ്പുകൾ എല്ലാം ക്രമം തെറ്റുന്നുവല്ലോ എന്ന്.

ജനറൽ മെഡിസിനിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒന്നാം റാങ്കുകാരനായ
അദ്ദേഹത്തിന് സ്വയമറിയുന്നത് സ്വഭാവികം.

വേദനകളെ മറികടക്കാനുള്ള മരുന്നുകളുടെ നേർത്തമയക്കത്തിൽ നിന്നൊരുൾവിളിപോലെയുണർന്ന് അദ്ദേഹം എല്ലാരോടുമായി പറഞ്ഞു " ഞാൻ പോവാണ്"

ആ കണ്ണുകൾ പതുക്കെ അടഞ്ഞുവന്നു.. മുറിക്കുള്ളിൽ നെഞ്ചുപിളരുന്ന സങ്കടങ്ങൾ വിങ്ങിപ്പൊട്ടി.. സദാനിറപുഞ്ചിരിയോടെ നിന്ന എല്ലാവർക്കും പ്രിയപ്പെട്ട അദ്ദേഹം
വിളികേൾക്കാത്ത ദൂരത്തിനുമപ്പുറത്തേക്ക് മറഞ്ഞുപോവുകയാണ് . .


        അനേകം പേരുടെ ജീവിതത്തിലേക്ക് വെളിച്ചമേകിയ ആ വിളക്ക് അണഞ്ഞ് അഞ്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും അൻസാർ ഇംഗ്ലിഷ് സ്കൂളിലെയും കോഴിക്കോട് മെഡിക്കൽ കോളജിലേയും ഓരോ അധ്യാപകരുടെയും ഞാനുൾപ്പടെയുള്ള വിദ്യാർത്ഥികളുടേയും ഹൃദയങ്ങളിൽ അദ്ദേഹം ഇന്നും നിലകൊള്ളുന്നു . . ഒരു അണയാത്ത ദീപമായി . . .



NB :സിറാജ്ക്കയുടെ മാതൃകാപരമായ  ജീവിതം മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ എന്ന ഉദ്ദേശത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ (Ref : 'വിളക്കണഞ്ഞു, വെളിച്ചം ബാക്കി...' എന്ന അദ്ദേഹത്തിന്റെ ഓർമ്മപ്പുസ്തകതിൽ നിന്ന് ) ഉൾപ്പെടുത്തി ഞാൻ ഈ ലേഖനം തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അൻസാർ ഇംഗ്ലിഷ് സ്കൂളിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിയ ഒരു വിദ്യാർത്ഥി എന്ന നിലക്ക് അത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. രോഗത്തിനു മുന്നിൽ പതറാതെ, അവസാന നിമിഷം വരെ ആത്മവിശ്വാസത്തോടെ പോരാടിയ അദ്ദേഹത്തിന്റെ ജീവിതസന്ദേശം നിങ്ങളുടെ മനസ്സിനെ അല്പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിൽ എന്റെ പ്രയത്നം  വിജയിച്ചു.

1 comment:

ഇലഞ്ഞിപൂക്കള്‍ said...

മൂന്ന് ഭാഗങ്ങളും വായിച്ചു നിയാസ്. ഒരുപാട് പറയണമെന്നുണ്ട് അദ്ദേഹത്തിന്‍റെ ശ്രമങ്ങളേയും വ്യക്തിത്വ സവിശേഷതകളേയും കുറിച്ച്.പക്ഷേ..

നന്ദി ഈ പരിചയപ്പെടുത്തലിന്.